കൊച്ചി: മുൻ എംപിയും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ.പി. ധനപാലൻ അന്തരിച്ചു. പറവൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 76 വയസായിരുന്നു. എറണാകുളം ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റായിരുന്നു.
2009 ൽ ചാലക്കുടിയിൽനിന്ന് ലോക്സഭാംഗമായി. 2014 ൽ തൃശൂരിൽനിന്ന് ലോക്സഭയിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. പറവൂർ നഗരസഭാംഗം, മിൽമ ചെയർമാൻ, നോർത്ത് മലബാർ ഗ്രാമീൺ ബാങ്ക് ഡയറക്ടർ ബോർഡ് അംഗം എന്ന നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. 2001ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ വടക്കേക്കര സീറ്റ് ധനപാലന് നൽകിയെങ്കിലും പ്രചാരണം തുടങ്ങിയ ശേഷം പിന്മാറേണ്ടി വന്നു. എറണാകുളം ജില്ലയിലെ എ.കെ. ആന്റണിയുടെ ഏറ്റവും അടുത്ത വിശ്വസ്തരിൽ ഒരാൾ കൂടിയായിരുന്നു ധനപാലൻ.